ബലിതര്‍പ്പണം
*************************
മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന കര്‍മ്മം ആണത്രേ ശ്രാദ്ധം.
ജന്മങ്ങളിലെ ഏറ്റം ശ്രേഷ്ടമായ മനുഷ്യജന്മത്തിനു മജ്ജയും മാംസവും നിണവും തന്നു സഹായിച്ച പൂര്‍വ്വികരോട് നമ്മള്‍ കാണിക്കുന്ന നന്ദി പ്രകടനം.
ഭലമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ നിരര്‍ത്ഥകമല്ലേ ?
ജീവിച്ചിരിക്കുമ്പോള്‍ നടതള്ളുകയും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുകയും അടുക്കളപ്പുറങ്ങളില്‍ തളച്ചിടുകയും ചെയ്ത മാതാപിതാക്കള്‍ മരിച്ചു മണ്ണടിഞ്ഞതിനു ശേഷം നടത്തുന്ന ഈ കാട്ടിക്കൂട്ടലുകളില്‍ എനിക്ക് വിശ്വാസം ഇല്ല. എന്‍റെ ജന്മ ഹേതുക്കളായ മാതാപിതാക്കള്‍ ഈ ലോകം വിട്ടുപോകുമ്പോള്‍ അന്ത്യയാത്ര പറയാന്‍ പോലും അടുത്തില്ലായിരുന്ന ഞാന്‍ വേണം അത് ചെയ്യാന്‍. ...എന്നിട്ടോ വര്‍ഷങ്ങള്‍ പത്തു പതിനേഴു പിന്നിട്ടിട്ടും ഇതുവരെ ബലിയിടാന്‍ എനിക്ക് തോന്നിയിട്ടില്ല.
ജീവിച്ചിരുന്നപ്പോള്‍ കൊടുക്കാന്‍ കഴിയാത്തത് ഇനിയാരെ ബോധ്യപ്പെടുത്താനായി ?
മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നോ ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ പോകും എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ദേഹം വിടുന്ന ദേഹി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും എന്നും ആത്മാവിനു മോക്ഷം കിട്ടിയില്ലെങ്കില്‍ അലഞ്ഞുനടക്കും എന്നുമൊക്കെയുള്ള ഫാന്റസിയിലും വിശ്വാസമില്ലാത്തത് കൊണ്ടുമാണ് എന്നും കൂട്ടിക്കോളൂ.
എന്നുകരുതി ഇതെല്ലാം തെറ്റാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല, മാത്രവുമല്ല ആചാരങ്ങള്‍ എനിക്കിഷ്ടവുമാണ്. മറ്റുള്ളവര്‍ ആചരിക്കുന്നത് കാണാനും കേള്‍ക്കാനും.



No comments:
Post a Comment