Sunday, 1 November 2015

വറുതിയുടെ  അറിവുകള്‍ 


കണ്ണീരും സ്വപനങ്ങളും വീണു നനഞ്ഞ നിന്‍റെ കൈപ്പടയിലൊരു കത്തിനായുള്ള കാത്തിരിപ്പ്‌ ഞാന്‍ അവസാനിപ്പിക്കുന്നു.
പ്രവാസത്തിന്റെ ആദ്യനാളുകില്‍ നീയെനിക്ക് ഏകിയ സ്നേഹവും സാന്ത്വനവും മതിയെനിക്കങ്ങോട്ടും ജീവിക്കാന്‍. അക്ഷരാഭ്യാസം വേണ്ടത്രയില്ലാത്ത എന്നെ വിവാഹം കഴിച്ച സന്മനസ്സിന് ഞാന്‍ നിന്നോട് കടപ്പെട്ടിരുന്നു. എന്നിലെ അപകര്‍ഷതയുടെ ശല്‍ക്കങ്ങള്‍ നിന്‍റെ സ്നേഹത്തലോടലില്‍ ഇളകി പൊളിഞ്ഞുപോയി.ഒടുവില്‍ ഒരു വൈകിട്ട് യാത്രാമൊഴി ചോദിക്കുമ്പോ പോന്നോമനയുടെയും ഒപ്പം നിന്‍റെയും മുഖം കണ്ണില്‍ നിന്നും മറച്ചു കളഞ്ഞു കണ്ണുനീര്‍.

ഒടുവില്‍ ഒരു നീണ്ട യാത്രയുടെ അവസാനം മരുഭൂമിയിലെ മജറയിലാണ് അവസാനിച്ചത്‌. പിന്നെ മാസത്തില്‍ ഒന്നൊക്കെ വച്ചുള്ള നിന്‍റെ കത്തുകള്‍. അതായിരുന്നു എന്‍റെ ജീവജലം. വര്‍ഷങ്ങള്‍ കഴിയവേ നീ ഇടക്കിടെ അക്കൌണ്ടുകള്‍ തുടങ്ങിയതായോക്കെ പറയുമായിരുന്നു. എനിക്കഭിമാനം തോന്നിയ നിമിഷങ്ങള്‍. നാലാളുടെ മുന്നില്‍ നേരെ നില്‍ക്കാന്‍ വരെ നാണമുണ്ടായിരുന്ന എനിക്ക് കിട്ടിയ മുത്താണ് നീയെന്നു വിശ്വസിച്ചു.
ആയിടെയാണ് വീടിനടുത്തുള്ള അബ്ദു മ്ജറയിലേക്ക് വെള്ളവുമായി വന്നത്. വണ്ടി കേടായകാരണം അവിടെ തങ്ങിയ അബ്ദുവിന്റെ മുന്തിയ ഫോണിലൂടെ നിങ്ങളെ കണ്ട നിമിഷം, ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല. നിന്‍റെ മുഖത്തെ വിഷാദശ്ചായ മാറിയിരിക്കുന്നു. പ്രസരിപ്പുള്ള മുഖം, മോളും വലുതായിരിക്കുന്നു. നല്ലോണം കലപില കൂട്ടുന്നൊരു മോളായി എന്‍റെ പൊന്നോമന.

അന്ന് രാത്രി വര്‍ഷങ്ങള്‍ക്കു ശേഷം സ്വസ്ഥമായുറങ്ങി. ആവലാതികള്‍ ഒഴിഞ്ഞ മനസ്സുമായി. ആഡംബരമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു ജീവിതം ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാനായി എന്ന ചാരിതാര്‍ത്ഥ്യം എന്‍റെ മനസിനെ ശാന്തമാക്കി. പിറ്റേന്ന് അബ്ദു പോയി , പിന്നീടൊരിക്കലും വന്നുമില്ല .

പക്ഷെ ഇന്ന് ഞാന്‍ അബ്ദുവിനെ വീണ്ടും കണ്ടു.
വിരഹത്തിന്റെ നൊമ്പരം ആവോളം ഉള്ള എന്‍റെ മനസ്സിന്‍റെ വേദനയുടെ ആഴം കൂട്ടി എന്നിലെ വികാരങ്ങക്ക് തീപ്പിടിപ്പിച്ചു രസിപ്പിക്കാനായി എന്‍റെ മേലാളന്‍ ഇടക്കിടെ നിര്‍ബന്ധപ്പൂര്‍വ്വം പിടിച്ചിരുത്തി എന്നെ കാണിക്കാറുള്ള മൊബൈലിലെ ചെറിയ ചലിക്കുന്ന ചിത്രങ്ങളില്‍ എനിക്കായ് ചുംബനങ്ങള്‍ കരുതിവച്ച എന്‍റെ പ്രിയപ്പെട്ടവളുടെ ചുണ്ടുകള്‍ കടിച്ചു വലിക്കുന്ന അബ്ദുവിനെ, കൂടെ അവന്‍റെ ചൂടേറ്റു ചാരത്തു നില്‍ക്കുന്ന എന്റ്റെ എല്ലാമായിരുന്നവളും !!!

ഇനിയെനിക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. വേവറുതിയില്‍ വിണ്ടുണങ്ങിയ പ്രതീക്ഷയുടെ കുളത്തില്‍ ഇനിയൊരിക്കലും തണുനീര്‍ ഉണ്ടാവില്ല. എന്‍റെ മോഹങ്ങളെയും മോഹഭന്ഗങ്ങളേയും ഒടുവില്‍ എന്നെയും ഞാനിവിടെ ദഹിപ്പിക്കും.


കേരളപ്പിറവിയൊ  അതോ ??? 

പണ്ട് പണ്ട് ക്രിസ്തുവിനും ഏതാണ്ട് രണ്ടായിരം വര്‍ഷം മുന്‍പുള്ള കാലഘട്ടത്തിനും മുന്‍പായിരുന്നു മാതൃഹത്യാപാപം തീര്‍ക്കാന്‍ പരശുരാമന്‍ ദക്ഷിണഖണ്ഡത്തിലെ മഹേന്ദ്രഗിരിയില്‍ വന്നു തപസ്സനുഷ്ടിച്ചത്. ആ മഹേന്ദ്രഗിരിയുടെ ഒരു വശത്തായി കടമ്പനാട്(കദംബം ) എന്നൊരു ജനപദം മയൂരവര്‍മ്മന്‍ എന്നൊരു ഭാര്‍ഗവഗോത്രജാതനായ ബ്രഹ്മക്ഷത്രവംശജനായ ഒരു രാജാവിനാല്‍ ഭരിക്കപ്പെട്ടിരുന്നു. ആ രാജാവിന്‍റെ ശിക്ഷണത്തില്‍ ബ്രഹ്മക്ഷത്രസംസ്കാരമാര്‍ജ്ജിച്ചു വളര്‍ന്നവരാണ് ഗോകര്‍ണ്ണത്തിലേക്കും അവിടെ നിന്നും കന്യാകുമാരിവരെ വ്യാപിച്ച നമ്മുടെ കേരളത്തിലെ പൂര്‍വ്വികര്‍. ഇതാണ് പരശുരാമന്‍ കേരളഭൂമിയെ കടലില്‍ നിന്നുദ്ധരിച്ചു ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും മറ്റുമുള്ള കിംവദന്തികള്‍ക്ക് ആസ്പദം.
അന്നുണ്ടായ കേരളം പിന്നീട് വിവിധ സംസ്കാരങ്ങളുടെ വിളനിലമായി പരിലസിച്ചു. സഹിഷ്ണുതയുടെ പര്യായമായ ഒരു ജനത ഇവിടെ വസിച്ചിരുന്നു. പല മതങ്ങള്‍ അതിന്‍റേതായ ആചാരങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് നിലനിന്നു പോന്നു. രാജഭരണം ആയിരുന്ന അക്കാലത്തു രാജ്യവികസനതിന്റെ ഭാഗമായുള്ള പരസ്പര യുദ്ധങ്ങള്‍ക്കും കീഴടലങ്ങലുകള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും ഒക്കെ വിളനിലമായിട്ടുണ്ടീ ഭൂമി.
ഒടുവില്‍ 1956 നവംബര്‍ ഒന്നാം തീയതി രാഷ്ട്രീയമായി കേരളം വീണ്ടും ഉണ്ടായി. ആ രാഷ്ട്രീയക്കാര്‍ തങ്ങളുടെ അണികളെ ഉല്‍പ്പാദിപ്പിക്കാന്‍ മതസ്പര്‍ദ്ധ വളര്‍ത്തി ആളുകളെ പരസ്പരം അകറ്റാന്‍ തുടങ്ങി. അങ്ങനെ പാര്‍ടികള്‍ വര്‍ഗീയ വല്ക്കരിക്കപ്പെട്ടു. ഒരു ജാതിയില്‍ പല പാര്‍ട്ടികള്‍ രൂപം കൊണ്ടു. അങ്ങബലം കൂട്ടുന്നതിനും പ്രചാരണത്തിനും വേണ്ടി പരസ്പരം കൊന്നുകൊണ്ടിരുന്നു. ഇനിയീ ഭൂമി വീണ്ടും വിഘടിച്ചു വിഘടിച്ചു ഇല്ലതാവുന്നൊരു ദിനം വരും.
അങ്ങനെ കേരളത്തിന്‍റെ പിറവി ദിനമല്ല മറിച്ചു മരണ ദിനത്തിന് ആണിയടിച്ച ദിവസമാണ് ഇന്ന്. കൊഴിഞ്ഞുപോണോരായുസ്സില്‍ ഒന്നുകൂടി !!!!



ചെമ്പകം പൂത്തകാലം 

എന്‍റെ ജനലരികിലിന്നു 
ഒരു  ചെമ്പകപ്പൂ പൂത്തു !!!
അവളെന്‍ കിടക്കമേല്‍ 
നറുമണം തൂകിപ്പോയി !!!

എന്‍റെ ജനലിരികിലിന്നു 
ഒരു ജമന്തി പൂ വിരിഞ്ഞു 
അവളെന്‍ മുഖത്ത് നോക്കി 
പുഞ്ചിരി പൂവെറിഞ്ഞു !!!

അതിരരികിലെ ബോഗന്‍വില്ല 
കൊഴിഞ്ഞകാലം പകുത്തെടുക്കാന്‍
ഒരുനാളവള്‍ വരുമെന്ന് ചൊല്ലി ..

വയല്‍വരമ്പിലെ കതിര്‍മണികള്‍ 
കടന്നുപോയകാലം കടംതന്നെനിക്ക് ..
തോട്ടിറമ്പിലെ പരല്‍മീനുകളെന്നോട് 
കവിഞ്ഞൊഴുകിയ കണ്ണീരിന്‍റെ കഥപറഞ്ഞു ..


Friday, 9 October 2015


അങ്ങനെ ഒരു കൗമാരം 





   ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും നാല് പെറോട്ടയും കൂടി നാലര രൂപയുണ്ടായിരുന്ന സമയത്തു അത് വാങ്ങി കഴിക്കാന്‍ ഗതിയില്ലതിരുന്ന ഒരു തലമുറ ജീവിച്ച നാടാണ് കേരളം. 

      പത്താംക്ലാസ് അല്ലെങ്കില്‍ പ്രീഡിഗ്രീ തോറ്റാല്‍ ജീവിതം ചോദ്യചിഹ്നം ആകുമായിരുന്ന ഒരു യുവതയുണ്ടായിരുന്നു ഇവിടെ. 

         വീട്ടുകാരുടെയും നാട്ടുകാരുടെയും നോട്ടപുള്ളിയായി കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഏറ്റുവാങ്ങി, പ്രേമിച്ചവള്‍ പിരിഞ്ഞുപോയി ഒരു ചായക്കാശിനു നട്ടം തിരിഞ്ഞിരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കാലഘട്ടം. 


              ഒടുവില്‍ അങ്ങ് വടക്കോട്ട്  വണ്ടികയറും... ഫിറ്റര്‍ ആയിട്ടോ വെല്‍ഡ‍ര്‍ ആയിട്ടോ മേസന്‍ ആയിട്ടോ ഒക്കെ ജീവിതം തുടങ്ങും..

         അവിടുന്ന് ഇല്ലാത്ത കാശ് കടം മേടിച്ചും കുടുംബം പണയപ്പെടുത്തിയും മണലാരണ്യത്തില്‍ എത്തിപ്പെടുന്നു . 

            അങ്ങനെ എത്തിയവരുടെ പിന്‍മുറക്കാര്‍ ഇന്ന് പണിയെടുക്കാതെ ബന്ദും ഹര്‍ത്താലും വിജയിപ്പിച്ചു ബീഫ്ഫെസ്റ്റും ഒക്കെ നടത്തി സുഖലോലുപതയുടെ മടിത്തട്ടില്‍ ജീവിതം ആഘോഷമാക്കുന്നു. 

        വടക്കോട്ട്‌ കയറിയവനെ ഫിറ്റിങ്ങും പ്ലംബിങ്ങും , വെല്‍ടിംഗ് മുതലായ ജോലികള്‍ പഠിപ്പിച്ചവന്റെ പിന്‍മുറക്കാര്‍ ഇന്ന് തെക്കോട്ട്‌ വണ്ടികയറുന്നു. അവര്‍ വാങ്ങുന്ന വേതനം ഇന്നും മണല്‍ കാട്ടില്‍ പണിയെടുക്കുന്നവന്റെ ഗുരുദക്ഷിണയാവാം !!!

Friday, 14 August 2015

ബലിതര്‍പ്പണം !!!



ബലിതര്‍പ്പണം 
*************************


മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന കര്‍മ്മം ആണത്രേ ശ്രാദ്ധം. 
ജന്മങ്ങളിലെ ഏറ്റം ശ്രേഷ്ടമായ മനുഷ്യജന്മത്തിനു മജ്ജയും മാംസവും നിണവും തന്നു സഹായിച്ച പൂര്‍വ്വികരോട് നമ്മള്‍ കാണിക്കുന്ന നന്ദി പ്രകടനം.
ഭലമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ നിരര്‍ത്ഥകമല്ലേ ?
ജീവിച്ചിരിക്കുമ്പോള്‍ നടതള്ളുകയും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുകയും അടുക്കളപ്പുറങ്ങളില്‍ തളച്ചിടുകയും ചെയ്ത മാതാപിതാക്കള്‍ മരിച്ചു മണ്ണടിഞ്ഞതിനു ശേഷം നടത്തുന്ന ഈ കാട്ടിക്കൂട്ടലുകളില്‍ എനിക്ക് വിശ്വാസം ഇല്ല. എന്‍റെ ജന്മ ഹേതുക്കളായ മാതാപിതാക്കള്‍ ഈ ലോകം വിട്ടുപോകുമ്പോള്‍ അന്ത്യയാത്ര പറയാന്‍ പോലും അടുത്തില്ലായിരുന്ന ഞാന്‍ വേണം അത് ചെയ്യാന്‍. ...എന്നിട്ടോ വര്‍ഷങ്ങള്‍ പത്തു പതിനേഴു പിന്നിട്ടിട്ടും ഇതുവരെ ബലിയിടാന്‍ എനിക്ക് തോന്നിയിട്ടില്ല. 
ജീവിച്ചിരുന്നപ്പോള്‍ കൊടുക്കാന്‍ കഴിയാത്തത് ഇനിയാരെ ബോധ്യപ്പെടുത്താനായി ?
മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നോ ആത്മാവ്‌ സ്വര്‍ഗത്തിലോ നരകത്തിലോ പോകും എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ദേഹം വിടുന്ന ദേഹി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും എന്നും ആത്മാവിനു മോക്ഷം കിട്ടിയില്ലെങ്കില്‍ അലഞ്ഞുനടക്കും എന്നുമൊക്കെയുള്ള ഫാന്റസിയിലും വിശ്വാസമില്ലാത്തത് കൊണ്ടുമാണ് എന്നും കൂട്ടിക്കോളൂ. 
എന്നുകരുതി ഇതെല്ലാം തെറ്റാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല, മാത്രവുമല്ല ആചാരങ്ങള്‍ എനിക്കിഷ്ടവുമാണ്. മറ്റുള്ളവര്‍ ആചരിക്കുന്നത് കാണാനും കേള്‍ക്കാനും.




Wednesday, 12 August 2015

എന്‍റെ ഓണം !!!



എന്‍റെ ഓണം !!!
****************


കുഞ്ഞിളം കൈകളില്‍ 
കൊന്നപ്പൂവും പൂക്കൂടയും ....
അത്തം പത്തിനോണമെന്നമ്മ പറഞ്ഞു 
ഓണമെന്നാലൂണെന്നു ചൊല്ലിയിച്ചേയീ ...
സമ്മാനമായൊരു പുടവയുണ്ടെന്നച്ഛന്‍..
ഓണമെന്നാലൂയലാട്ടമെന്നമ്മായിയും 
ഓണം പിന്നെയെന്നും അതിനും മുന്‍പേ 
പരീക്ഷയാണതു മറക്കണ്ടായെന്നു ടീച്ചറും ..
എല്ലാം കേട്ടുചിരിക്കുമീതുംബിയൊന്നും 
മിണ്ടാതെ ഭജിക്കും മൌനത്തിനര്‍ത്ഥം ..
തേടുമെന്‍ പൈതാലാണെന്റെയോണം !!! 
***********************************************

                                സുനില്‍ ശ്രീപങ്കജം 

Friday, 31 July 2015

എന്‍റെ മോള്‍ക്ക്‌ നല്‍കാന്‍ കഴിയാത്ത ബാല്യം !!!

കോളാമ്പിപൂക്കളില്‍ നിന്നും മഷിപ്പേനയുടെ  അടപ്പുകൊണ്ട് പൊട്ടുകള്‍ തീര്‍ത്ത ബാല്യം !!!
കപ്പയുടെ ഇലകളില്‍ മാലയും താലിയും മെനഞ്ഞു വീട് കളിച്ച ബാല്യം !!!
വീടിന്‍റെ  ചാണകം മെഴുകിയ വരാന്തയില്‍ ഉരുളന്‍ കല്ലുകള്‍ എറിഞ്ഞു കൊത്തങ്കല്ല് കളിച്ച ബാല്യം !!!
പരന്ന കല്ല്‌ കളത്തിലെറിഞ്ഞു കൊന്തിതൊട്ട് കളിച്ച ബാല്യം !!!
കല്ല്‌ വച്ച് മെടഞ്ഞ ഓലപ്പന്ത്‌ കൊണ്ട് എറിപ്പന്ത് കളിച്ച ബാല്യം !!!
കുമിളച്ചെടിയുടെ കായകൊണ്ട് നെറ്റിയില്‍ പൊട്ടിച്ചു ശബ്ദമുണ്ടാക്കിക്കളിച്ച ബാല്യം !!!
പെച്ചങ്ങയും പ്ലാവിലയും ഈര്‍ക്കിലിയും വാഴനാരും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
തേഞ്ഞുപോയ ചെരുപ്പുകളില്‍ കളിവണ്ടിക്ക്  ചക്രങ്ങള്‍ വെട്ടിയുണ്ടാക്കിയ ബാല്യം !!!
സൈക്കിളിന്‍റെ ചക്രത്തില്‍ വളഞ്ഞ കമ്പുകള്‍ തിരുകി ഊടുവഴികളിലും നടവരമ്പുകളിലും പാഞ്ഞോടി കാല്‍നടക്കാരെ ഭയപ്പെടുത്തിയ ബാല്യം !!!
കപ്പയുടെ കായകൊണ്ട് തീപ്പട്ടി വണ്ടിയുണ്ടാക്കി കളിച്ച ബാല്യം !!!
ഉണങ്ങിയ പെരുമരക്കൊമ്പുകൊണ്ട് ബീഡി വലിക്കാന്‍ ശീലിച്ച ബാല്യം !!!
താഴെക്കുളത്തില്‍ നിന്നും മാനത്തുകണ്ണിയേയും പരല്‍മീനുകളേയും പിടിച്ചു ചിരട്ടവെള്ളത്തില്‍ സൂക്ഷിച്ച ബാല്യം !!!
പൂച്ചെടിക്കമ്പിനാല്‍  തൊട്ടാവാടിചെടിയുടെ നാണം തൊട്ടറിഞ്ഞ ബാല്യം !!!
പിന്നെ മഷിത്തണ്ടും, തുമ്പയും, തെച്ചിയും, വളപ്പൊട്ടും കൊണ്ട് വര്‍ണ്ണശബളമായൊരോണക്കാലം നുകര്‍ന്ന ബാല്യം !!!
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍, പുറത്തു ഹൂങ്കാരത്തോടെ പെയ്തൊഴിയുന്ന മഴയെ പേടിയോടെയും, പിറ്റേന്നത്തെ സ്വച്ചസുന്ദരമായ തെളിഞ്ഞ പ്രഭാതത്തേയും കണ്ടിരുന്ന ബാല്യം !!!
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നിന്‍റെ  യാന്ത്രികതിയിലിരുന്നു ഇന്നലത്തെ ബാല്യ സ്മ്രിതികളെ ലാളിക്കുവാനെനിക്കൊരു ബാല്യം നല്‍കിയവര്‍ക്ക് പ്രണാമം.